Hotstillsupdates

0


സിദ്ദിഖ് എന്ന നടനെ ഇഷ്ടപ്പെടാത്ത മലയാളികളില്ല. സിദ്ദിഖ് ഇല്ലാത്ത സിനിമകളും ചുരുക്കം. എന്നാൽ ജീവിതത്തിൽ ഈ താരപരിവേഷമൊന്നും സിദ്ദിഖ് ഇഷ്ടപ്പെടുന്നില്ല. 'സിനിമാതാരമാണെന്ന ജാഡയോ തലക്കനമോ ഞാൻ കാണിക്കാറില്ല. പലരും പറഞ്ഞു കേട്ട ഒരു കാര്യമുണ്ട്. സിനിമാ താരത്തെ നേരിൽ കാണാൻ കിട്ടരുത്. എങ്കിലേ അവർക്ക് ഡിമാന്റുണ്ടാകൂ എന്ന്. അതിൽ കാര്യമുണ്ടെന്ന് തോന്നിയിട്ടില്ല. താരപരിവേഷമൊന്നുമില്ലാത്ത എന്നെപ്പോലൊരു നടനെ കാണാൻ ഒരിക്കലും ആളുകൾ ഓടിക്കൂടില്ല. ഒരു സിനിമയിൽ ഞാനുണ്ടെന്ന് കരുതി ആരും തിയേറ്ററിൽ തള്ളിക്കയറാനും പോണില്ല എന്ന് എനിക്കറിയാം.''

ജനങ്ങളിൽ നിന്ന് അകന്ന് സിനിമയുടെ ഗ്ലാമറിനും പണത്തിനും പിന്നാലെ പോകാൻ താൻ ഒരിക്കലും തയ്യാറല്ലെന്നാണ് സിദ്ദിഖ് പറയുന്നത്. 'ഞാൻ അഭിനയം തൊഴിലായി സ്വീകരിച്ച കലാകാരൻ മാത്രമാണ്. അതുകൊണ്ട് തന്നെ ജനങ്ങളിൽ നിന്ന് അകന്ന് നിൽക്കാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. മറ്റുള്ളവരുടെ വിഷമങ്ങളും വേദനകളുമൊക്കെ മനസിലാകുന്ന ആളാണ് ഞാനും. ജീവിക്കുന്ന സമൂഹത്തെ അടുത്തറിയാൻ ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ സാധാരണക്കാരന്റെ ജീവിതത്തിൽ നിന്ന് അകന്നുനിൽക്കുന്നതായി തോന്നിയിട്ടില്ല.''

സ്വന്തം പരിമിതികൾ മനസിലാക്കുന്നതാണ് തന്റെ വിജയത്തിന്റെ അടിസ്ഥാനഘടകമെന്നും സിദ്ദിഖ് വിശ്വസിക്കുന്നു.

''വ്യത്യസ്തതയുടെയും വൈവിദ്ധ്യത്തിന്റെയും കാര്യം പറയുമ്പോഴും ഞാൻ ചിന്തിക്കുന്നത് എന്റെ പരിമിതികളെക്കുറിച്ചാണ്. എന്റെ കഴിവുകളെ പറ്റി ഞാൻ ആലോചിക്കാറില്ല. അത് കാണുകയും മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് മറ്റുള്ളവരാണ്. അതേ സമയം പരിമിതികൾ എന്താണെന്ന് എനിക്ക് നന്നായി അറിയാം. എനിക്ക് പറ്റില്ല എന്ന് എനിക്ക് അറിയാമെങ്കിലേ മറ്റുള്ളവരുടെ മുന്നിൽ അപഹാസ്യനാകാതിരിക്കൂ. ഒരാൾക്ക് നൃത്തം ചെയ്യാനറിയില്ല എന്ന് പറയുന്നത് കുറ്റമല്ല. എന്നാൽ നൃത്തമറിയില്ലെന്ന് അയാൾക്ക് സ്വയം അറിയില്ലെങ്കിൽ അയാൾ കയറി നൃത്തം ചെയ്യും. ഡ്രൈവിംഗ് അറിയാത്തതും കുറ്റമല്ല. പക്ഷേ അതറിയില്ലെന്ന് അയാൾക്ക് സ്വയം അറിയാതിരുന്നാൽ അയാൾ കയറി വണ്ടി ഓടിക്കും. അപകടമുണ്ടാവുകയും ചെയ്യും. എനിക്ക് എന്തൊക്കെ അറിയില്ല എന്നാണ് ഞാൻ ചിന്തിക്കുന്നത്. അറിവില്ലായ്മയെ പറ്റി തിരിച്ചറിവുണ്ടാവുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് എനിക്ക് തോന്നുന്നു.''

സ്വയം മാർക്കറ്റു ചെയ്യുന്നിടത്താണ് വിജയം കാത്തിരിക്കുന്നത് എന്ന ന്യൂ ജനറേഷൻ ചിന്തയിലും ഇദ്ദേഹത്തിന് വിശ്വാസമില്ല.

''ഒരു സംവിധായകൻ എന്നെ അഭിനയിക്കാൻ വിളിച്ചിട്ട് അവസാനം ഗതികെട്ട് ആ ഷോട്ട് ഓകെ,  വയ്ക്ക് എന്ന് പറയേണ്ട അവസ്ഥ ഒരിക്കലും വരരുത്. കഥാപാത്രത്തെ കരുതിയതിനെക്കാൾ മികച്ചതാക്കാൻ എനിക്ക് കഴിഞ്ഞുവെന്ന് ആ സംവിധായകന് തോന്നണം. ഭാഗ്യവശാൽ ഒരുപാട് സംവിധായകരുടെ അടുത്തുനിന്ന് അത്തരം പ്രശംസ എനിക്ക് ലഭിച്ചിട്ടുണ്ട്. അവർ നമുക്ക് തരുന്നത് അസ്ഥികൂടം മാത്രമാണ്. അതിൽ മാംസവും മുടിയും രൂപവും ശബ്ദവും ആത്മാവും എല്ലാം ഉണ്ടാക്കിയെടുക്കേണ്ടത് നമ്മളാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സംഭാവന നൽകേണ്ടത് ഇവിടെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. വേഷത്തിലും രൂപത്തിലും ഭാവത്തിലുമെല്ലാം ഞാൻ ഓരോ കഥാപാത്രത്തിലും മാറുന്നത് അതിന്റെ ഭാഗമാണ്. അതാണ് എന്റെ മാർക്കറ്റിംഗ് എന്ന് പറയാം.''

Post a Comment

 
Top