Hotstillsupdates

0
2013ൽ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു അന്നയും റസൂലും. പ്രശസ്ത ഛായാഗ്രാഹകൻ രാജീവ് രവി സംവിധാനം ചെയത ഫഹദ് ഫാസിൽ ചിത്രം. പ്രതീക്ഷകളുണർത്തി ഫഹദ് ഫാസിലും രാജീവ് രവിയും പിന്നെയും ഒന്നിക്കുകയാണ്. ഇത്തവണ സംവിധാനമല്ല രാജീവ് രവിയുടെ റോൾ. ഫഹദിന്റെ പുതിയ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് രാജീവാണ്. നവാഗതനായ നോവിൻ വാസുദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനുമായ ടി. അരുൺകുമാറാണ് ചിത്രത്തിന് രചന നിർവഹിക്കുന്നത്.

ഈ ചിത്രത്തിന്റെ എഡിറ്റർ സംവിധായകനായ അരുൺ കുമാർ അരവിന്ദാണ് എന്നതാണ് മറ്റൊരു പ്രത്യേകത. പ്രിയദർശന്റെ ഒട്ടേറെ സിനിമകൾ എഡിറ്റ് ചെയ്തിട്ടുള്ള അരുൺകുമാർ അരവിന്ദ്, സംവിധായകനായ ശേഷം മറ്റൊരാൾ സംവിധാനം ചെയ്യുന്ന ചിത്രം എഡിറ്റ് ചെയ്യുന്നത് ഇതാദ്യമാണ്. ഐസക് തോമസ് കൊട്ടുകാപ്പള്ളിയാണ് പശ്ചാത്തലസംഗീതമൊരുക്കുക. 

ശബ്ദസംവിധാനത്തിന് അങ്ങേയറ്റം പ്രാധാന്യമുള്ള ചിത്രത്തിന് ലൈവ് സൗണ്ടാവും ഉപയോഗിക്കുക. സഞ്ജയ് ലീലാ ബൻസാലിയുടെ രാംലീല ഉൾപ്പെടെയുള്ള ബോളിവുഡ് ചിത്രങ്ങൾക്ക് ശബ്ദസംവിധാനം നിർവഹിച്ച ജയദേവൻ ആണ് ഈ സിനിമയ്ക്കും ശബ്ദസംവിധാനം നിർവഹിക്കുന്നത്. ജീവിതത്തിന്റെ സ്ഥിരതകൾക്കും അസ്ഥിരതകൾക്കുമിടയിൽ സ്വയം സൃഷ്ടിക്കുന്ന മുഹൂർത്തങ്ങളാൽ അപായകരമായി ട്രപ്പീസ് കളിക്കുന്ന ജീനിയസായൊരു കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്. സമീപകാല ഫഹദ് ഫാസിൽ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു ത്രില്ലറാണ് ഈ ചിത്രം. ഇൻഡോനേപ്പാൾ ബോർഡറും കൊച്ചിയുമാണ് പ്രധാന ലൊക്കേഷനുകൾ. സിലിക്കൺ മീഡിയയുടെ ബാനറിൽ പ്രകാശ് ബാരെയാണ് നിർമ്മാണം.

Post a Comment

 
Top