Hotstillsupdates

0


പുതുവർഷത്തിൽ രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് റിലീസിനായി തയ്യാറെടുക്കുന്നത്. പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്യുന്ന ബാല്യകാലസഖിയും ഷിബു ഗംഗാധരൻ സംവിധാനം പ്രെയ്‌സ് ദ ലോർഡും. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയെ ആസ്പദമാക്കി പ്രമോദ് പയ്യന്നൂർ ഒരുക്കുന്ന ബാല്യകാലസഖിയാണ് 2014ൽ മമ്മൂട്ടിയുടെ ആദ്യ റിലീസ്. ഫെബ്രുവരി ആറിനാണ് ചിത്രം തീയേറ്ററുകളിലെത്തുക. ബാല്യകാലസഖിയിൽ മജീദും സുഹ്‌റയുമായി എത്തുന്നത് മമ്മൂട്ടിയും, ഇഷാ തൽഖാറും. ലിവിംഗ് ആർട്ട് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൊഹ്‌സിൻ എം.ബിയും സജീബ് ഹാഷിമും ചേർന്നാണ് ബാല്യകാലസഖി നിർമ്മിക്കുന്നത്. അന്തരിച്ച അനശ്വര സംഗീത പ്രതിഭ കെ. രാഘവൻ അവസാനമായി സംഗീതസംവിധാനം നിർവഹിച്ച ചിത്രമാണ് ബാല്യകാലസഖി. റെഡ് സിനിമയും അപ്പാപ്പൂ റിലീസും ചേർന്ന് ബാല്യകാലസഖി പ്രദർശത്തിനെത്തിക്കും. 

സക്കറിയയുടെ നോവലൈറ്റിനെ ആധാരമാക്കി നവാഗതനായ ഷിബു ഗംഗാധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രെയ്‌സ് ദി ലോർഡ്. ഈ ചിത്രവും ഫെബ്രുവരിയിൽ തന്നെ തീയേറ്ററുകളിലെത്തും. ടി.പി. ദേവരാജൻ തിരക്കഥയും സംഭാഷണവും രചിക്കുന്ന പ്രെയ്‌സ് ദി ലോർഡിൽ ഇമ്മാനുവൽ ഫെയിം റീനു മാത്യൂസാണ് മമ്മൂട്ടിയുടെ നായിക. 

ഇപ്പോൾ ആഷിക് അബു ചിത്രം ഗ്യാംഗ്‌സ്റ്ററിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 2ന് ആരംഭിച്ചു. ഗ്യാംഗ്‌സറ്ററിൽ വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് മമ്മൂട്ടിയെത്തുന്നത്. അധോലോക നായകന്റെ വേഷമാണ് അദ്ദേഹത്തിന്.അപർണ ഗോപിനാഥ്, നൈല ഉഷ എന്നിവരാണ് ചിത്രത്തിലെ നായികമാർ. അഹമ്മദ് സിദ്ദിഖിന്റേതാണ് തിരക്കഥ. ദീപക് ദേവ് സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നേരത്തിന്റെ സംവിധായകൻ അൽഫോൺസ് പുത്രനാണ്. ചിത്രം വിഷുവിന് തീയേറ്ററുകളിലെത്തും.

Post a Comment

 
Top